മാവേലിക്കര: മെമു ട്രെയിനുകളിലെ കോച്ച് കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം സമർപ്പിച്ചു. തിരുവനന്തപുരം റെയിൽവേ ഡിവിഷനെ ബാധിക്കുന്ന പ്രധാന വിഷയങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും എംപി അവകാശപ്പെട്ടു.
കോച്ചുകളുടെ എണ്ണം എട്ടായി കുറച്ചതോടെ ട്രെയിനുകളിൽ വലിയ തിരക്കാണ് മെമു ട്രെയിനിൽ അനുഭവപ്പെടുന്നത്. പ്രതിസന്ധിക്ക് പരിഹാരമായി തിരുവനന്തപുരം റെയിൽവേ ഡിവിഷന് അടിയന്തരമായി സ്പെയർ മെമു റേക്ക് അനുവദിക്കണമെന്നും കോച്ചുകളുടെ എണ്ണം പുനഃസ്ഥാപിച്ച് യാത്രക്കാരുടെ ദുരിതത്തിന് അറുതിവരുത്തണമെന്നും അദ്ദേഹം കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ മന്ത്രി അശ്വിനി വൈഷ്ണവ്, എംപി ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.